Who We Are
സ്വന്തം വേരുകൾ തേടാനുള്ള ആഗ്രഹം എല്ലാ മനുഷ്യരുടെയും മനസ്സിലുണ്ടാകും എന്നാൽ അതിനുവേണ്ടിയുള്ള ശ്രമം നടത്തി ആഗ്രഹ സാഫല്യം നേടാൻ എല്ലാവരും മുതിർന്നു എന്നു വരില്ല. കാരണം അനായാസം അതു നടത്താൻ കഴിയുകയില്ല എന്നതാണ് കാര്യം.
വ്യാപാര മനസ്സുള്ളൊരു സമൂഹം പരക്കം പായുന്ന ദൃശ്യമാണ് ഇന്ന് നമുക്ക് കാണാനാവുക. എന്തു ചെയ്താലും ലാഭം കൊയ്യണമെന്ന ചിന്തയാണ് എല്ലാവരെയും ഭരിക്കുക. ചുരുക്കത്തിൽ സ്വാർത്ഥതയാണ് ഇന്നത്തെ സമൂഹത്തിന്റെ മുഖമുദ്ര.
ഒരു നൂറ്റാണ്ടു പുറകോട്ടു പോയാൽ കുടുംബത്തിലുള്ളവരൊക്കെ ഒരുമിച്ച് ജീവിച്ചിരുന്നതായി കാണാം. അഥവാ മാറി താമസിക്കുന്നവർ പോലും ഒരു വിളിപ്പാടകലെ ഉണ്ടായിരുന്നിരിക്കും. എല്ലാവരും എല്ലാവരെയും പരസ്പരം അറിഞ്ഞും എല്ലാവരോടും സഹകരിച്ചും ജീവിച്ചിരുന്ന ഒരു വ്യവസ്ഥിതി അന്ന് നിലനിന്നിരുന്നു. പിന്നീട് ആ സ്ഥിതി ആകെ മാറി, കുടുംബങ്ങളെല്ലാം ശിഥിലമായി. ചിലയിടത്തൊക്കെ ഈ കൂട്ടുകുടുംബ/അയൽക്കുടുംബ വ്യവസ്ഥിതി പരസ്പര വഴക്കിനും പിണക്കങ്ങൾക്കും കാരണമായിട്ടുണ്ട്. എന്നാൽ അങ്ങനെ ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും പൊതുവിൽ നോക്കുമ്പോൾ അന്നത്തെ വ്യവസ്ഥിതിയിൽ അവർ സഹായത്തിന്റെയും സഹകരണത്തിന്റെയും അന്തരീക്ഷത്തിൽ പരസ്പരം അറിഞ്ഞും സഹകരിച്ചും ജീവിച്ചിരുന്ന കാലമായിരുന്നു.
ഇന്ന് കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങൾക്ക് വഴിമാറി. പ്രായമായവർ തനിച്ചായി ജീവിക്കേണ്ടി വരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കെന്നല്ല ലോകത്തിന്റെ തന്നെ പല ഭാഗങ്ങളിലേക്കും ജോലി സംബന്ധമായും മറ്റും ധാരാളം പേർ ചേക്കേറാൻ തുടങ്ങി. ഒരേ കുടുംബത്തിൽ നിന്നും പോയവർ തന്നെ പരസ്പരം അറിയാതെ ജീവിക്കുന്നു എന്നു പറഞ്ഞാൽ ഇന്ന് പ്രായമായവർ അത്ഭുതപ്പെട്ടേക്കാം. ഇതിൽ നിന്നൊക്കെ വ്യത്യസ്തമായൊരു സമീപനം ഉണ്ടായാൽ മാത്രമേ നമ്മൾക്ക് നമ്മുടെ വേരുകൾ കണ്ടെത്താൻ കഴിയൂ.
മിക്കപ്പോഴും സുറിയാനി ക്രിസ്ത്യാനികളായ നമ്മളെയൊക്കെ കുടുംബ ചരിത്രം എഴുതുമ്പോൾ അതൊരു നമ്പൂതിരിയിൽ നിന്ന് ആരംഭിക്കണമെന്ന് നിർബന്ധമുള്ളതുപോലെ തോന്നുന്നു. അതും ഭാരതത്തിലെ ക്രൈസ്തവ സഭയുടെ പിതാവായി നാം കരുതുന്ന തോമ്മാശ്ലീഹായിൽ നിന്ന് നേരിട്ട് മതപരിവർത്തനം ചെയ്യപ്പെട്ട നമ്പൂതിരിയായിരിക്കും.
മധ്യ തിരുവിതാംകൂറിലെ പ്രശസ്തമായ നാല് നമ്പൂതിരി കുടുംബങ്ങളുമായി കേന്ദ്രീകരിച്ചാണ് ക്രൈസ്തവ കുടുംബങ്ങളുടെയെല്ലാം ഉത്ഭവം എന്നു കാണാം. കുറവിലങ്ങാട്ട് ഉണ്ടായിരുന്ന നാല് നമ്പൂതിരി കുടുംബങ്ങളാണ് :- കള്ളി, കാളികാവ്, പകലൊറ്റം, ശങ്കരപുരി എന്നിവ. ഈ കുടുംബങ്ങളിലെ നമ്പൂതിരിമാർ കൊടുങ്ങല്ലൂരിലെ പ്രസിദ്ധമായ നമ്പൂതിരി ക്ഷേത്രത്തിൽ ശാന്തിക്കാരായി പൂജകൾ നടത്തിയിരുന്ന കാലത്താണ് ക്രിസ്തു ശിഷ്യനായ തോമ്മാശ്ലീഹായിൽ ആകൃഷ്ടരായി ഇവർ മതം മാറി ക്രിസ്ത്യാനികളായി തീർന്നതെന്ന് പറയുന്നൂ. ഇവരുടെ പിൻമുറക്കാരാണ് കേരളത്തിലെ നസ്രാണി ക്രിസ്ത്യാനികൾ എന്നാണ് പാരമ്പര്യം. എ.ഡി. 52-ൽ കൊടുങ്ങല്ലൂരിൽ വന്നിറങ്ങിയ ശ്ലീഹാ ധാരാളം പേരെ മത പരിവർത്തനം നടത്തി ക്രിസ്തീയ സഭ സ്ഥാപിച്ചു എന്നും ഏഴര പള്ളികൾ സ്ഥാപിച്ച ശേഷം എ.ഡി. 72-ൽ മൈലാപ്പൂരിൽവെച്ച് രക്തസാക്ഷിയായി തീർന്നെന്നുമാണ് പറയുന്നത്.
അതേസമയം ആര്യവംശജരായ നമ്പൂതിരിമാർ എ.ഡി. 8-ാം നൂറ്റാണ്ടിലാണ് കേരളത്തിലെത്തിയതെന്ന് ചരിത്രകാരന്മാർ അവകാശപ്പെടുന്നു. ഏതു ശരി ഏതു തെറ്റ് എന്നറിഞ്ഞു കൂടാ. തർക്കത്തിനുവേണ്ടി അല്ലെങ്കിലും ചില വസ്തുതകൾ പറയുന്നു എന്നു മാത്രം. അതവിടെ നിൽക്കട്ടെ.
മാധവശ്ശേരി കുടുംബത്തെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുക. 18-ാം നൂറ്റാണ്ടിന്റെ 2-ാം പകുതിയിൽ ചെമ്മനത്തുകരദേശത്ത് കുടിയേറി പാർത്ത ചാക്കോച്ചന്റെ 6-ാമത്തെ തലമുറയിൽപ്പെട്ടവരാണ് ഇന്ന് ജീവിക്കുന്ന പ്രായമായവർ.
മൂവാറ്റുപുഴയാർ കൈപിരിഞ്ഞ് വൈക്കം താലൂക്കിൽ കൂടെ ഒഴുകി കൊതവറ-വെച്ചൂർ ഭാഗത്തായി വേമ്പനാട്ടു കായലിൽ പതിക്കുന്ന പുഴയാണ് കരിയാർ പുഴ. ഈ കരിയാറിന്റെ തീരത്തെ ഫലഭൂയിഷ്ടമായൊരു ഗ്രാമപ്രദേശമായ വൈക്കത്തെ ചെമ്മനത്തു കരയിലാണ് ചാക്കോച്ചനും കുടുംബവും താവളമടിച്ചത്. അദ്ദേഹത്തിന്റെ കഴിവും സ്ഥിരോത്സാഹവും, കൃഷിയിലെ നൈപുണ്യവും കൊണ്ട് ധാരാളം സ്വത്തുക്കൾ അദ്ദേഹത്തിന് സമ്പാദിച്ചു കൂട്ടാൻ കഴിഞ്ഞു. കരിയാറിന്റെ വടക്കും തെക്കും കരകളോട് ചേർന്ന് ഇരുനൂറിലധികം ഏക്കർ തെങ്ങിൻതോപ്പും അതിനടുത്ത കരിനിലങ്ങളും അദ്ദേഹം സമ്പാദിച്ചു കൂട്ടിയിരുന്നതായി പറയുന്നു.
എറണാകുളത്ത് താമസിക്കുന്ന ശ്രീ. ജേക്കബ് പൂത്തുള്ളിൽ (പൂത്തുള്ളിൽ ബാബു) അമ്മ മാധവശ്ശേരി കുടുംബത്തിൽപ്പെട്ട പുതുശ്ശേരി ശാഖയിലെ അംഗമാണ്. അമ്മയോടുള്ള സ്നേഹാദരവു മൂലം മാധവശ്ശേരി കുടുംബത്തിന്റെ വേരുകൾ കണ്ടുപിടിക്കാൻ ആദ്യം മുന്നിട്ടിറങ്ങിയത് ശ്രീ. പൂത്തുള്ളിൽ ബാബുവാണ്. എല്ലാവരെയും ഏകോപിപ്പിച്ചും സഹകരിപ്പിച്ചും ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയ ശ്രീ. ബാബുവിന് സർവ്വ അഭിനന്ദനങ്ങളും ആശംസകളും രേഖപ്പെടുത്തി കൊള്ളുന്നു.

Gallery
Family Together




നമ്മുടെ പാരമ്പര്യം – മാധവശ്ശേരി കുടുംബം
മാധവശ്ശേരി കുടുംബം വിശ്വാസത്തിലും സംസ്കാരത്തിലും ഐക്യത്തിലും ആഴമായി വേരൂന്നിയ ഒരു സമൃദ്ധമായ പാരമ്പര്യത്തിന്റെ പ്രതീകമാണ്. നമ്മുടെ മുൻഗാമികൾ പകർന്നു നൽകിയ മൂല്യങ്ങളും ശക്തമായ അടിത്തറയും ഇന്നത്തെ തലമുറയെ ദിശാബോധം നൽകി നയിക്കുന്നു.
ഉത്സവങ്ങളിലൂടെയും ആചാരങ്ങളിലൂടെയും ദൈനംദിന ജീവിതത്തിലൂടെയും നമ്മുടെ പാരമ്പര്യം നമ്മെ നമ്മുടെ വേരുകളോട് ചേർത്ത് നിർത്തുന്നു. അത് വെറും ഓർമ്മകളല്ല, മറിച്ച് നമ്മുടെ ഹൃദയങ്ങളിലും വീടുകളിലും ജീവിക്കുന്ന ഒരു ജീവിതരീതിയാണ്.
ഓരോ തലമുറയും പുതിയ അനുഭവങ്ങളും കഥകളും ചേർത്ത് നമ്മുടെ യാത്രയെ സമൃദ്ധമാക്കുമ്പോൾ, മുൻഗാമികൾ നൽകിയ ജ്ഞാനം കരുതലോടെ സംരക്ഷിക്കുന്നു. നമ്മുടെ പാരമ്പര്യം പിന്നോട്ടു നോക്കാനുള്ളതല്ല—അത് നമ്മൾ ഓരോ ദിവസവും ജീവിക്കുകയും ആഘോഷിക്കുകയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്ന ഒന്നാണ്.
ഒന്നായ കുടുംബമായി, നന്ദിയോടെ നമ്മുടെ ഭൂതകാലത്തെ ആദരിക്കുകയും പ്രതീക്ഷയോടെ ഭാവിയെ വരവേൽക്കുകയും ചെയ്യുന്നു—എപ്പോഴും ഒരുമയായി, മാധവശ്ശേരി കുടുംബമായി.